പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന മലയോര ഗ്രാമമാണ് നാരങ്ങാനം. നാരങ്ങാനം ഗ്രാമത്തിലെ മടുക്കക്കുന്ന്, ജില്ലയിലെ തന്നെ ഉയരം കൂടിയ കുന്നാണ്[അവലംബം ആവശ്യമാണ്] . കൃഷിക്ക് കേൾവി കേട്ട സ്ഥലമാണ് നാരങ്ങാനം. വയൽ പരപ്പുകൾ വിവിധ കൃഷിയിടങ്ങളാക്കിയിരിക്കുന്നു. പടയണി ഗ്രാമങ്ങളായ ‌കടമ്മനിട്ടയും, മഠത്തിൻ പടിയും ഇവിടെയാണു. കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മ ദേശവും. പമ്പാ നദി അയലത്തുകൂടെ ഒഴുകുന്നുവെങ്കിലും സ്വന്തമായി നദിയില്ലാത്ത ഗ്രാമമാണു നാരങ്ങാനം.ഗൾഫ് നാടുകളിലും മറ്റ് വിദേശരാജ്യങ്ങളിലും ജോലിചെയ്യുന്ന ഇവിടുത്തുകാരുടെ സാമ്പത്തിക സാന്നിദ്ധ്യം നാരങ്ങനതിന്റെ മുഖഛായ മാറ്റുന്നതിനു സഹായകരമായിട്ടുണ്ട്.കണമുക്ക്,ആലുങ്കൽ ,കടമ്മനിട്ട,വലിയ കുളം ,മടത്തും പടി,തോന്യ മല ,ദേവി പുറം,തറ ഭാഗം,വട്ടകാവ് എന്നിവ നാരങ്ങാനത്തെ പ്രധാന സ്ഥലങ്ങളാണ്. നാരകക്കാനമാണ് നാരങ്ങാനമായതെന്നും നാരദഗാനം മുഴങ്ങിയിരുന്ന സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്നും സ്ഥലനാമ പുരാണങ്ങളുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിന്റെ ആചാര അനുഷ്ഠാനങ്ങളും സാംസ്ക്കാരിക പ്രതീകങ്ങളും എന്നു കാണാം. ഊര് ആളിയിരുന്ന (നാടിന്റെ അധിപരായിരുന്ന) ഊരാളന്മാർ ഈനാട്ടിലെ പല അനുഷ്ഠാനകലകളിലും പ്രാമുഖ്യമുള്ളവരാണ്. ജന്മിത്തവും കുടിയായ്മയും അയിത്തവുമൊക്കെ ഇവിടെയും നിലനിന്നിരുന്നു. അയിത്തം അതിന്റെ എല്ലാ മ്ളേച്ഛതയിലും ഭീകരതയിലുമാണ് ഇവിടെ ആചരിക്കപ്പെട്ടിരുന്നത്. എന്നാൽ പ്രൈമറി സ്കൂളുകൾ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിന്റെ നേരിയ കിരണങ്ങൾ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ചമാറ്റങ്ങളാണ് ഈ ഗ്രാമത്തിൽ സംഭവിച്ചിട്ടുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പുതന്ന നാരങ്ങാനത്ത് മനുഷ്യാധിവാസം ഉണ്ടായിരുന്നു. പന്തളത്തുരാജാവിന്റെ അധീശതയിൽ ആയിരുന്ന ഈ ഭൂപ്രദേശം രണ്ട് സ്ത്രീകൾക്കായി പതിച്ച് കൊടുത്തതോടെയാണ് ഇവിടെ അധിവാസം ആരംഭിച്ചതെന്നും രാജാവ് ഈ ദേശത്തിന്റെ മേൽനോട്ടം പുറപ്പെട്ടിമില്ലക്കാർ, കോട്ടയം പറമ്പിൽ മില്ലക്കാർ എന്നിവരെയാണ് ഏൽപ്പിച്ചതെന്നും പറയപ്പെടുന്നു. (മില്ലക്കാർ എന്നാൽ റവന്യൂ) ഉദ്യോഗം കൽപ്പിച്ചു നൽകപ്പെട്ടിരുന്ന കുടുംബക്കാർ എന്നർത്ഥം) മാർത്താണ്ഡവർമ്മ മഹാരാജാവ് നടത്തിയ തിരുവിതാംകൂർ സംയോജനത്തിലൂടെ നാരങ്ങാനം ഉൾപ്പെടുന്ന പന്തളം രാജ്യം തിരുവിതാംകൂറിന്റെ ഭാഗമായി. ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ ഭരണത്തിൻകീഴിൽ-കൊല്ലവർഷം 1060 മുതൽ 1080 വരെ (എ.ഡി.1885-1905) നടന്ന കഡസ്ട്രൽ സർവ്വേക്ക് മുമ്പ് നാരങ്ങാനം പ്രദേശം കൊല്ലം ഡിവിഷനിൽ ചെങ്ങന്നൂർ താലൂക്കിൽ കുമ്പഴ പകുതിയിൽ ഉൾപ്പെട്ടതായിരുന്നു (വില്ലേജ് എന്ന സാങ്കേതിക അർത്ഥത്തിൽ പ്രയോഗിച്ചിരുന്ന പദമാണ് പകുതി) അന്ന് തിരുവിതാംകൂറിൽ തിരുവനന്തപുരം കൊല്ലം കോട്ടയം എന്നിങ്ങനെ മൂന്നു ഡിവിഷനുകൾ ഡിവിഷൻ പേഷ്ക്കാരന്മാരുടെ ഭരണ മേൽ നോട്ടത്തിൽ നിലവിലുണ്ടായിരുന്നു. ഇടക്ക് അയിരൂർ പ്രവൃത്തിയിലേക്ക് ഉൾപ്പെടുത്തപ്പെട്ട നാരങ്ങാനം കൊല്ലവർഷം 1080 മുതൽ കൊല്ലം ഡിവിഷനിൽ പത്തനംതിട്ട താലൂക്കിൽ ചെറുകോൽ പകുതിയിലും ഉൾപ്പെട്ടു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണത്തിൻ കീഴിൽ കൊല്ലവർഷം 1060-മുതൽ 1080 വരെ (എ ഡി 1885-1905) നടന്ന കഡസ്ട്രൽ സർവ്വേക്ക് മുമ്പ് നാരങ്ങാനം പ്രദേശം കൊല്ലം ഡിവിഷനിൽ ചെങ്ങന്നൂർ താലൂക്കിൽ കുമ്പഴ പകുതിയിൽ ഉൾപ്പെട്ടിരുന്നു. കൊല്ലവർഷം 1080 മുതൽ അയിരൂർ പ്രവൃത്തിയിൽ ചെറുകോൽ പകുതിയിൽ ഉൾപ്പെട്ടു. (വില്ലേജ് എന്ന സാങ്കേതിക അർത്ഥത്തിൽ പ്രയോഗിച്ചിരുന്ന പദങ്ങളാണ് പകുതി, പ്രവൃത്തി എന്നിവ) ചെറുകോൽ പകുതിയുടെ ആസ്ഥാനം നാരങ്ങാനം മഠത്തിൽ പടിക്ക് സമീപമായിരുന്നു. ശ്രീ. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് സർ സി പി രാമസ്വാമി അയ്യർ ദിവാനായിരിക്കെ പ്രവർത്തികൾ പകുതികൾക്കായി വില്ലേജ് യൂണിയനുകൾ (പ്രാദേശീകഭരണ സമിതികൾ) രപീകരിച്ചു. അന്നു നാരങ്ങാനം ഉൾപ്പെട്ട ചെറുകോൽ വില്ലേജ് യൂണിയൻ ആയിരുന്നു. വില്ലേജ് യൂണിയന്റെ ആസ്ഥാനം നാരങ്ങാനം നോർത്തിലായിരുന്നു. ഒരു രൂപ കരം അടക്കാനുള്ള ഭൂസ്വത്ത് അഥവാ ബി.എ ബിരുദം ഉള്ളവർക്കായിരുന്നു വില്ലേജ് യൂണിയൻ ഭരണ സമിതിയിൽ വോട്ടവകാശം. നാരങ്ങാനം പഞ്ചായത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് അടിത്തറ പാകിയ സുപ്രധാനമായ മറ്റൊരു സംഭവവികാസമായിരുന്നു കോഴഞ്ചരി-മണ്ണാറക്കുളഞ്ഞി റോഡിന്റെ നിർമ്മിതി. തിരുവല്ല-കുമ്പഴ റോഡ് കഴിഞ്ഞാൽ മദ്ധ്യതിരുവിതാംകൂറിനെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏക പാതയെന്ന നിർണ്ണായക പ്രാധാന്യമാണ് ഈ റോഡിനുണ്ടായിരുന്നത്. ഇന്നും ശബരിമല യാത്രക്കും മറ്റും ചെങ്ങന്നൂർ/തിരുവല്ല നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം ഇതു തന്നയാണ് .ഇന്ന് നാരങ്ങാനത്തുള്ള മറ്റെല്ലാ റോഡുകളും ഈ റോഡിന്റെ സന്തതികളാണ്. തടസ്സം മറികടന്നുകൊണ്ട് ജനങ്ങളൊറ്റക്കെട്ടായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പണി തീർത്തത് ഒരു ചരിത്ര സംഭവമായി അതിൽ പങ്കെടുത്ത മുതിർന്ന ആളുകൾ സ്മരിക്കുന്നു. പാലക്കുന്നത്തു വലിയ തിരുമേനി നാരങ്ങാനം മാർത്തോമ്മാ പള്ളിയുടെ ശിലാസ്ഥാപനത്തിനായി 1922-ൽ ഒരു കാറിൽ വന്നപ്പോഴാണ് നാരങ്ങാനം പഞ്ചായത്തിലൂടെ ആദ്യമായി മോട്ടോർ വാഹനം ഓടുന്നത്. 1955-ൽ മാത്രമാണ് ബസ് സർവീസ് ആരംഭിക്കുന്നത്. ആദ്യമായി ഓടിയ ബസ് പന്തളം-കടമ്മനിട്ട റൂട്ടിൽ എം കെ വി ആയിരുന്നു. ഈ പഞ്ചായത്തിലുള്ള ഭൂരിപക്ഷം നിലം പുരയിടങ്ങൾ തെക്കേടത്ത് ഇല്ലം വകയായിരുന്നു