പിതൃതർപ്പണം എന്താണ് ?

നമ്മളെന്തിനാണ് പിതൃതർപ്പണം ചെയ്യുന്നത്

എല്ലാവരും വിചാരിക്കുന്നത് മരിച്ചുപോയ നമ്മുടെ പിതൃക്കൾക്ക് ബലി ഇട്ടില്ലെങ്കിൽ അവർക്ക് മുക്തി കിട്ടില്ല എന്നല്ലേ…. എന്നാൽ ആത്മീയമായി നമ്മൾ കാര്യങ്ങൾ മനസ്സിലാക്കുമ്പോഴാണ് മുക്തി എന്നത് നാം ഓരോരുത്തരും ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടേണ്ട അവസ്ഥയാണ്….മരണത്തിനുശേഷം അല്ല എന്നും. അതു നാം സ്വയം നേടണം മറ്റൊരാൾക്ക് നമുക്കത് നേടിത്തരുവാൻ സാധിക്കില്ല എന്നും മനസ്സിലാകുന്നത്… അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരും, എന്നാൽ പിന്നെ എന്തിനാണ് പിതൃതർപ്പണം ചെയ്യുന്നത്……എന്ന്. ഈ കർമ്മം ചെയ്യുമ്പോൾ ചൊല്ലുന്ന ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കിയാൽ അതിനുള്ള ഉത്തരം ലഭിക്കും.പിതൃതര്‍പ്പണം. അതിനു ചൊല്ലുന്ന ശ്ലോകം ഇതാണ്…

“അ ബ്രഹ്മണോ യേ പിതൃ വംശ ജാതാ മാതൃ സ്തദാ വംശ ഭവാ മദീയ വംശ ദ്വയേസ്മിൻ മമ ദാസ ഭൂതാ ഭൃത്യാഃ തഥൈവ ആശ്രിത സേവകാശ്ച മിത്രാണി സഖ്യ പശവശ്ച വൃക്ഷാഃ ദൃഷ്ടാശ്ച അദൃഷ്ടാശ്ച കൃതോപകാരാ ജന്മാന്തരേ യേ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ- ബലിം ദദാമി.”

ഈ ബ്രഹ്മാണ്ഡത്തിൽ മുഴുവനായി എന്‍റെ പിതൃ വംശത്തിൽ ജനിച്ചവർ, മാതൃവംശത്തില്‍ ജനിച്ചവര്‍, ഇപ്പോൾ ഞങ്ങളുടെ വംശത്തിൽ ജനിച്ചിരിക്കുന്നവര്‍ അതുപോലെ ഈ രണ്ടു വംശത്തിൽ ഉള്ളവർക്കും ഞങ്ങൾക്കും ദാസനായിട്ടുള്ളവർ, ഭൃത്യരായിട്ടുള്ളവർ, ആശ്രിതരായിട്ടുള്ളവർ, സേവകർ (ഞങ്ങൾക്കു സേവകരായതും ഞങ്ങൾ സേവിച്ചതുമായവര്‍ ) മിത്രങ്ങള്‍, സഖാക്കള്‍ (മിത്രങ്ങള്‍ നല്ലകാലത്തുമാത്രമേ കാണു. എന്നാല്‍ സഖാ എന്നു പറഞ്ഞാല്‍ അര്‍ജുനന് കൃഷ്ണന്‍ എന്നപോലെ സന്തത സഹചാരിയായ് ഉള്ളവര്‍) അതു പോലെ ഞങ്ങളുടെ ജീവസന്ധാനത്തിന് സഹായിച്ച മൃഗങ്ങള്‍, വൃക്ഷലതാദികള്‍ അങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും ജന്മ ജന്മാന്തരങ്ങളില്‍ എന്നോട് ബന്ധപ്പെട്ടു എനിക്ക് ഉപകാരം ചെയ്തിരിക്കുന്ന എല്ലാവര്‍ക്കുമായി ഞാനിതാ ഈ പിണ്ഡദാനം സമര്‍പ്പിക്കുന്നു. എത്ര വിശാലമായ കാഴ്ചപ്പാടാണ്. ഇനി മുതൽ വാവിന് ബലി അർപ്പിക്കുമ്പോൾ ഇത്രയും മനസ്സിൽ വയ്ക്കാൻ ശ്രമിക്കുക. സത്യത്തില്‍ ഭാരതീയ സംസ്കാരത്തില്‍ നന്ദി പ്രകടനത്തിനു വലിയ സ്ഥാനമുണ്ട്. ശ്രദ്ധിച്ചാല്‍ നമുക്ക് ഓരോ നിമിഷത്തിലും നന്ദി പറയാനേ നേരമുള്ളൂ എന്നു കാണാം. ഏറ്റവും വലിയ പാപി നന്ദിയില്ലാത്തവന്‍ ആണ്. നമുക്ക് വേണ്ടതെല്ലാം ഒരുക്കിത്തന്നു കൊണ്ടിരിക്കുന്ന ഈശ്വരനോട് നാം സദാസമയം നന്ദിയുള്ളവരായിരിക്കട്ടെ.