This user has publicly declared that they have a conflict of interest regarding the Wikipedia article ഉമ്മന്നൂർ ഗംഗാധരൻപിള്ള.

ഉമ്മന്നൂർ ഗംഗാധരൻപിള്ള, പ്രശസ്ത കഥകളി നടൻ

പ്രശസ്ത കഥകളി നടനും ചെണ്ടക്കാരനുമായിരുന്ന കരീപ്ര പദ്മനാഭൻ നായരുടെയും കൊട്ടാരക്കരയ്ക്കടുത്തുള്ള ഉമ്മന്നൂർ നെയ്തല്ലൂർ പുത്തൻവീട്ടിൽ കാർത്യായനി അമ്മയുടെയും മകൻ. ജനനം 1930 ആഗസ്റ്റ് 2 ( കൊ.വ 1105 കർക്കിടകം 18 ) മരണം 2010 ആഗസ്റ്റ്‌ 29.

പിതാവിൽ നിന്ന് കഥകളി അഭ്യസിച്ച് പതിമൂന്നാം വയസിൽ അരങ്ങേറിയ ശേഷം പതിനാറാം വയസിൽ അമ്പലപ്പുഴ നടനകലാമണ്ഡലത്തിൽ ഗുരുകുഞ്ചുക്കുറുപ്പാശാന്റെയും തുടർന്ന് കലാമണ്ഡലം കൃഷ്ണൻനായരാശാന്റെയും ശിഷ്യത്വത്തിൽ കഥകളി പഠനം പൂർത്തിയാക്കി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നിരവധി അരങ്ങുകളിൽ നിരവധി വേഷങ്ങൾ കെട്ടി ആടിയിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം കഥകളി ക്ലബ്ബുകളിലും കൊട്ടാരത്തിലും സ്ഥിരസാന്നിധ്യമായിരുന്നു. പച്ച, കത്തി, വെള്ളത്താടി എന്നീ വേഷങ്ങളിൽ തിളങ്ങിയിരുന്ന ഉമ്മന്നൂരിന്റെ കത്തിവേഷംആസ്വാദകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കത്തിവേഷങ്ങളിൽ ദുര്യോധനൻ, രാവണൻ, ദാരുകൻ എന്നീ കഥാപാത്രങ്ങളെയും പച്ചയിൽ കല്യാണസൗഗന്ധികത്തിലെ ഭീമനും നളചരിതത്തിലെ പുഷ്കരനും സന്താനഗോപാലത്തിലെ അർജുനനും പ്രൗഢഗംഭീരമായി അവതരിപ്പിച്ചിരുന്നു.

ഉമ്മന്നൂരിന്റെ കത്തിവേഷത്തിന്റെ പ്രൗഢിയും ഭംഗിയും ബോധ്യപ്പെട്ട രാമു കാര്യാട്ട് തന്റെ അഭയം സിനിമയിലെ കഥകളി വേഷത്തിനു തിരഞ്ഞെടുത്തത് ഉമ്മന്നൂരിനെയാണ്.

സീതാസ്വയംവരത്തിൽ ഉമ്മന്നൂരിന്റെ പരശുരാമവേഷം കൊണ്ടാടപ്പെട്ടിരുന്നു. ജീവിതകാലം മുഴുവൻ കഥകളിക്കു വേണ്ടി മാത്രം ഉഴിഞ്ഞു വച്ച ഈ കലാകാരന് അർഹിക്കുന്ന അംഗീകാരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിൽ അതീവ ദുഃഖിതനുമായിരുന്നു അദ്ദേഹം.

നിരവധി ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ട്. കഥകളിയെയും നൃത്തത്തെയും സംയോജിപ്പിച്ച് പുതിയൊരു അവതരണ രീതി ഉണ്ടാക്കിയ പ്രമുഖ നർത്തകി ഗീതയും കലാമണ്ഡലത്തിലെ ഭരണസമിതി അംഗമായിരുന്നതും കഥകളിയിലെ മനോധർമ്മങ്ങൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവും , കഥകളി നടനുമായ ചവറ അപ്പുക്കുട്ടൻപിള്ളയും പ്രമുഖ ശിഷ്യരിൽ പെടുന്നു.